രാവുണ്ണി മാസ്റ്റർ - ഒരു ശിഷ്യന്റെ ഓർമ്മയിൽ
ഓം ഗുരവെ നമഃ
എടശ്ശേരി വേലായുധൻ രാവുണ്ണി അതാണ് മാസ്റ്ററുടെ
പൂർണ്ണമായ നാമദേയം. എന്നാൽ ശിഷ്യസഹസ്രങ്ങൾക്കും നാട്ടുകാർക്കും അദ്ദേഹം എന്നും
അവരുടെ പ്രിയപ്പെട്ട ‘രാവുണ്ണി മാഷ്’ ആയിരുന്നു.
മുകുന്ദപുരം താലൂക്കിൽ ആമ്പല്ലൂർ വില്ലേജിൽ മണ്ണംപേട്ട ദേശത്താണ് രാവുണ്ണി മാസ്റ്ററുടെ തറവാടായ എടശ്ശേരി വീട്. പാരമ്പര്യമായി വലിയ കൃഷിക്കാരായിരുന്നു ഏടശ്ശേരി കുടുംബക്കാർ. ധാരാളം ഭൂസ്വത്തും ഉണ്ടായിരുന്നു.
മുകുന്ദപുരം താലൂക്കിൽ ആമ്പല്ലൂർ വില്ലേജിൽ മണ്ണംപേട്ട ദേശത്താണ് രാവുണ്ണി മാസ്റ്ററുടെ തറവാടായ എടശ്ശേരി വീട്. പാരമ്പര്യമായി വലിയ കൃഷിക്കാരായിരുന്നു ഏടശ്ശേരി കുടുംബക്കാർ. ധാരാളം ഭൂസ്വത്തും ഉണ്ടായിരുന്നു.
രാവുണ്ണി മാസ്റ്ററുടെ അച്ഛൻ വേലായുധൻ
കഠിനാദ്ധ്വാനിയായിരുന്നു. മാതാവായ കാളിക്കുട്ടിയും ഭർത്താവിന്റെ ഒപ്പം കൃഷികാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നു. വേലായുധൻ - കാളിക്കുട്ടി
ദമ്പതികൾക്ക് 8 മക്കളുണ്ടായി. കാർത്ത്യായനി, ജാനകി, കല്യാണി, പാർവ്വതി, നാരായണി,
സുബ്രഹ്മണ്യൻ, മീനാക്ഷി എന്നിവരാണ് മറ്റു ഏഴുമക്കൾ. മക്കളിൽ രാവുണ്ണി,
കാർത്ത്യായനി, കല്യാണി, മീനാക്ഷി എന്നിവർ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
കഠിനാദ്ധ്വാനിയും കണിശക്കാരനുമായ പിതാവ് വേലായുധന്റെ നിയന്ത്രണത്തിലാണ് എട്ടു മക്കളുടെയും
വളർച്ച.അവരും അഛനോടൊപ്പം കൃഷികാര്യങ്ങളും വീട്ടുകാര്യങ്ങളും ചെയ്തിരുന്നു.
വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ കുറവായിരുന്ന ഒരു കാലഘട്ടമാണാല്ലൊ അന്നത്തേത്.
എന്നാലും വേലായുധൻ ശ്രീ നാരായണ ഗുരുവിന്റെ ആഹ്വാനത്തിന്റെ പൊരുൾ മനസ്സിലാക്കി
മക്കളെ വിദ്യാഭ്യാസത്തിന്നയച്ചു. രാവുണ്ണി പഠിച്ച് അദ്ധ്യാപകനുമായി.
രാവുണ്ണിയുടെ പ്രാഥമിക വിദ്യാഭ്യാസം വെണ്ടോർ സെന്റ്
ഫ്രാൻസിസ് സ്കൂളിലായിരുന്നു എന്നാണ് മനസ്സിലായത്. തുടർന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം
പുതുക്കാട് പള്ളി സ്കൂളിൽ ( ഇന്നത്തെ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ) ആണ് സാധിച്ചത്.
ടീച്ചർ ട്രെയ്നിങ് തൃശ്ശൂർ പരിശീലന കേന്ദ്രത്തിലായിരുന്നു. അധികം വൈകാതെ രവുണ്ണി
മണ്ണമ്പേട്ട സ്കൂളിൽ അദ്ധ്യാപനായി ചേർന്നു. അങ്ങനെ സേവനത്തിന്റെ സുദീർഘമായ പാതയിൽ
രാവുണ്ണി മാസ്റ്റർ തന്റെ യാത്ര തുടങ്ങി.
വിജ്ഞാനത്തിന്റെ വെളിച്ചം ഭാവിതലമുറയിലേക്ക്
എത്തിക്കാൻ സ്കൂൾ അദ്ധ്യാപനം വഴി രവുണ്ണിമാസ്റ്റർക്ക് സാധിച്ചു. എന്നാൽ തന്റെ
സമപ്രായക്കരും, തന്നേക്കാൾ മുതിർന്നവരും ആയ ഭൂരിഭാഗം നാട്ടുകാരും പുറംലോകവുമായി
യാതൊരു ബന്ധവുവില്ലാതെ കഴിയുകയാണെന്നു മാസ്റ്റർക്കു മനസ്സിലായി. മാസ്റ്റർ മാതൃഭൂമി
എന്ന ദിനപ്പത്രത്തിന്റെ ഏജൻസി എടുക്കുകയും ഈ പ്രദേശങ്ങളിൽ പത്രവിതരണം നടത്തുകയും
ചെയ്തു. തുടർന്ന് മലയാളമനോരമ, എക്സ്പ്രസ്സ്, നവജീവൻ എന്നീ പത്രങ്ങളും മണ്ണംപേട്ട
നിവാസികൾക്ക് ലഭ്യമാക്കി മാസ്റ്റർ. മാതൃഭൂമി, മലയാളമനോരമ, എക്സ്പ്രസ്സ്, നവജീവൻ,
തൊഴിലാളി എന്നീ പത്രങ്ങളുടെ പ്രാദേശിക ലേഖകനും കൂടിയായിരുന്നു രവുണ്ണിമാസ്റ്റർ.
ആദ്യ വിവാഹത്തിൽ മാസ്റ്റർക്ക് രത്നമണി എന്നൊരു
മകളുണ്ട്. രാവുണ്ണിമാസ്റ്ററുടെ ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് മാസ്റ്റർ കെ. ആർ
കമലാക്ഷിയെ 1952 ആഗസ്ത് 29 ൽ വിവാഹം ചെയ്തു. ഒല്ലൂർ ആനക്കല്ലിൽ താമസക്കാരും
പാരമ്പര്യ വൈദ്യ കുടുംബക്കാരുമായ കുന്നത്തുവളപ്പിൽ വീട്ടിലെ അംഗമാണ് കമലാക്ഷി. ഈ
വിവാഹത്തിൽ മാസ്റ്റർക്ക് രമണി, രാജേന്ദ്രൻ, സുരേന്ദ്രൻ, സതീശൻ എന്നീ നാലു
മക്കളുണ്ട്.
സുദീർഘമായ തന്റെ അദ്ധ്യാപക ജീവിതകാലത്ത് മാസ്റ്റർ
മാതൃകാപരമായി വിദ്യാദാനം നടത്തി. വീടുകളിലെ സാമ്പത്തിക ദൈന്യത നിമിത്തം
കൊഴിഞ്ഞുപോകുന്ന വിദ്യാർത്ഥികളെ കണ്ടെത്തി വിദ്യാഭ്യാസം തുടരുവാൻ
മാഷ് സഹായിച്ചിരുന്നു. നാട്ടിലെ പൊതുപ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് പരിഹാരങ്ങൾ
കണ്ടെത്തി. സാമുദായികകാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു. വരാക്കരക്കാവ്
അമ്പലത്തിന്റെ വളർച്ചയിൽ കാര്യമായ അദ്ധ്വാനം മാഷിന്റേതാണ്. ഇക്കാര്യത്തിൽ
മാഷിന്റെ സംഭാവനകൾ തദ്ദേശവാസികൾക്ക് ഒരിക്കലും മറക്കാവുന്നതല്ല. മാസ്റ്റർക്ക്
അല്പം രാഷ്ട്രീയവും ഉണ്ടായിരുന്നു. ഒരു ഗാന്ധീയനായിരുന്ന രാവുണ്ണി മാസ്റ്റർ
ജീവിതകാലം മുഴുവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു.
1983 ഏപ്രിൽ 30 ന് സർവ്വീസിൽ നിന്നും വിരമിച്ച
രാവുണ്ണിമാസ്റ്റർ സമൂഹ്യ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തനങ്ങൾ
തുടർന്നുകോണ്ടേയിരുന്നു. അവസാന കാലത്ത് രോഗബാധിതനായി വീട്ടിലിരിക്കുമ്പോൾ പോലും
പൊതുകാര്യങ്ങളിൽ മാസ്റ്റർ ശ്രദ്ധിച്ചുന്നു. 2011 മാർച്ച് 08 നായിരുന്നു രാവുണ്ണി
മാസ്റ്ററുടെ അന്ത്യം. ഭൗതികമായി മാസ്റ്റർ ഇന്നില്ലെങ്കിലും മാസ്റ്ററുടെ സ്മരണകൾ
ശിഷ്യരിലും നാട്ടുകാരിലും ഇനൂം മങ്ങലേല്ക്കാതെ നിറദീപമായി പ്രകാശം പരത്തുന്നു. രാവുണ്ണി മാഷിന് ഈ ശിഷ്യന്റെ
പ്രണാമം!
No comments:
Post a Comment